നേതൃത്വത്തിന്റെ ആവശ്യത്തിനുപിന്നാലെ തൃശ്ശൂർ ഡിഡിസി അധ്യക്ഷസ്ഥാനം ജോസ് വള്ളൂർ രാജിവെച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റും രാജി പ്രഖ്യാപിച്ചു. ഡിഡിസി ഓഫീസിലെത്തിയ ഇരുവരും പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷമാണ് രാജി അറിയിച്ചത്. കെ.മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ജോസ് വള്ളൂർ പറഞ്ഞു. തൃശ്ശൂർ ഡിഡിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എം.പി വിൻസന്റും പ്രതികരിച്ചു.
രാജിസമർപ്പിക്കാനെത്തിയ ജോസിന് അഭിവാദ്യം അർപ്പിച്ച് നിരവധി പ്രവർത്തകരാണ് അദ്ദേഹത്തോടൊപ്പം ഡിസിസി ഓഫീസിലെത്തിയത്. ജോസ് വള്ളൂരിനെ എതിർക്കുന്ന ഒരു വിഭാഗം പ്രവർത്തകരും കോൺഗ്രസ് കൗൺസിലർമാരും ഇതേസമയം ഓഫീസിലുണ്ടായിരുന്നു. ഇരുവിഭാഗവും തമ്മിൽ പിന്നീട് ഉന്തും തള്ളുമുണ്ടായി. എന്നാൽ, വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും രാജ്യപ്രഖ്യാപനത്തിനുശേഷം പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.