KERALA NEWS TODAY-കൊച്ചി : കളമശ്ശേരിയിൽ സ്ഫോടനം നടന്ന സാമ്ര സെന്ററിലെ മൂന്ന് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി മന്ത്രി ആന്റണി രാജു.
ഈ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ആക്രമണത്തിനുപിന്നിൽ ആരാണെങ്കിലും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച രാവിലെയാണ് യഹോവ സാക്ഷികളുടെ മേഖലാസമ്മേളനം നടക്കുന്ന ഓഡിറ്റോറിയത്തിൽ പ്രാർഥനയ്ക്കിടെ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിനു ശേഷം തീ പടർന്ന് ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
പൊള്ളലേറ്റവരിൽ ഒരു കുട്ടി ഉൾപ്പെടെ പത്തുപേരുടെ നില ഗുരുതരമാണ്.
സമ്മേളനത്തിന്റെ മൂന്നാം ദിവസമായിരുന്നു ഇന്ന്.
ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുള്ളത്.
പ്രാർഥന തുടങ്ങിയ ഉടനെയാണ് സ്ഫോടനമുണ്ടായതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണടച്ചുള്ള പ്രാർത്ഥന ആയിരുന്നതിനാൽ ആർക്കും കൃത്യമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ചില സൂചനകൾ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ തെളിവുകൾ പരിശോധിക്കുമ്പോൾ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായാണ് മനസ്സിലാകുന്നത്. ഓഡിറ്റോറിയത്തിന്റെ മധ്യഭാഗത്താണ് രണ്ട് സ്ഫോടനവും നടന്നത്. മേൽത്തട്ടിൽവരെ പുക എത്തി. ഇതിന്റെ പാടുകൾ പരിശോധിച്ചാണ് രണ്ട് സ്ഫോടനങ്ങൾ എന്ന നിഗമനത്തിൽ എത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിശദമായ പരിശോധന നടത്തുന്നുണ്ട്. കേന്ദ്ര ഏജൻസിയും എത്തിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം തന്നെ നടത്തും. കുറ്റക്കാർ ആരായാലും പിടികൂടും. സമൂഹമാധ്യമങ്ങൾ വഴി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.