അരുണാചൽ പ്രദേശിലെ നഹർലാഗൂണിൽ സ്കൂളിലെ വാട്ടർ ടാങ്ക് മറിഞ്ഞുവീണ് മൂന്ന് കുട്ടികൾ മരിച്ചു. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിൽ ഇന്നാണ് അപകടം നടന്നത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. സ്‌കൂളിൽ വിദ്യാർത്ഥികൾ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് നഹർലഗൺ പൊലീസ് സൂപ്രണ്ട് മിഹിൻ ഗാംബോ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. മരിച്ചവർ 9ആം ക്ലാസ് വിദ്യാർത്ഥികളാണ്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെയും ഉടമയെയും നാല് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലസംഭരണിയിൽ ശേഷി കവിഞ്ഞതാകാം അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.