ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. മൂന്നാം പ്രതി മാത്രമാണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. എംവി മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാർ കൊല്ലപ്പെട്ട് 19 വർഷത്തിന് ശേഷമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞിരിക്കുന്നത്. മൂന്നാം പ്രതിയൊഴികെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടിരിക്കുന്നുവെന്ന വിലയിരുത്തലിലാണ് കോടതി വിധി പറഞ്ഞത്.
ഒന്നാം പ്രതി അസീസ് നേരത്ത ആയുധപരിശീലന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. 10,11 പ്രതികൾ സിപിഐഎം പ്രവർത്തകനായ ദിലീപൻ വധക്കേസിലെ പ്രതികളാണ്. കൊല്ലപ്പെടുമ്പോൾ അശ്വനി കുമാറിന് 27 വയസായിരുന്നു പ്രായം. ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ്. ഇരിട്ടി പ്രഗതി കോളേജ് അധ്യാപകനായിരുന്നു അശ്വനി കുമാർ. 2005 മാർച്ച് പത്തിന് രാവിലെ പത്തരയോടെയായിരുന്നു കൊലപാതകം. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനി കുമാർ. പയ്യഞ്ചേരി മുക്കിൽ വെച്ച് അക്രമി സംഘം ബസ് തടഞ്ഞു. ബസിലുണ്ടായിരുന്ന അക്രമികളും പിന്തുടർന്നെത്തിയ സംഘവും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബസിന്റെ മുന്നിലും പുറകിലും ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷമായിരുന്നു കൊലപാതകം. കൊലയാളികളിൽ നാലുപേർ ബസിലും മറ്റുള്ളവർ ജീപ്പിലുമാണെത്തിയത്. അശ്വിനി കുമാറിനെ വധിച്ചതിന് പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപകമായ അക്രമ സംഭവങ്ങളുണ്ടായി. പികെ മധുസൂദനന്റെ നേതൃത്വത്തിൽ ക്രൈബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. 2009 ജൂലൈ 31ന് കുറ്റപത്രം സമർപ്പിച്ച കേസിൽ 2020ലാണ് വിചാരണ ആരംഭിച്ചത്.