Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരം-മംഗലാപുരം ട്രെയിൻ ശുചിമുറിയിൽ ഒളിച്ച കള്ളന്മാർ പിടിയിൽ

KERALA NEWS TODAY-തിരുവനന്തപുരം: മലബാർ എക്സ്പ്രസിലെ ശുചിമുറിയിൽ ഒളിച്ച ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളെ വാതിൽ പൊളിച്ച് അറസ്റ്റ് ചെയ്തു.
രണ്ട് പേരാണ് പിടിയിലായത്. കൊച്ചി കൽവത്തി സ്വദേശി തൻസീർ(19), കൊച്ചി മട്ടാഞ്ചേരി സ്വദേശിയും പതിനേഴ് വയസ്സുകാരനുമായ പ്രശാന്ത് എന്നിവരാണ് പിടിയിലായത്.
മലബാർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.
സ്ലീപ്പർ, എസി കോച്ച് യാത്രക്കാരായ രണ്ട് പേരുടെ മൊബൈൽ ഫോൺ, പഴ്‌സ് എന്നിവ മോഷ്ടിച്ച പ്രതികൾ ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിക്കാനും ശ്രമിച്ചു.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തൃശ്ശൂരിൽ മലബാർ എക്സ്പ്രസിൽ വച്ചാണ് സംഭവം.
തൃശ്ശൂരിൽ നിന്നും കണ്ണൂർ വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ണൂർ റെയിവേ പോലീസ് ഓഫീസർമാരായ സുരേഷ് കക്കറ , മഹേഷ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.
ട്രെയിനിൽ എസ് 4 കോച്ചിൽ കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്നു BDDS വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണാണ് മോഷണം പോയെന്ന് പരാതി ഉയർന്നത്.

ഡ്യൂട്ടിയിലുണ്ടായ ടിടിഇയുടെ ലോക്ക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാനും ശ്രമിച്ചു. ഇതേ ട്രെയിനിൽ എ1 കോച്ചിൽ കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പേഴ്സ് മോഷ്ടിച്ചു. മോഷ്ടാക്കൾ ട്രെയിനിൽ തന്നെ ഉണ്ടെന്നും ട്രെയിൻ ഷോർണൂറിൽ എത്തിയാൽ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ടെന്നും മനസിലായതോടെ ട്രെയിനിൽ അരിച്ചുപെറുക്കി. പൊലീസുകാർ വരുന്നത് കണ്ട പ്രതികൾ എച്ച്എ 1 കോച്ചിന്റെ ശുചിമുറിയിൽ ഒളിച്ചു.

വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മോഷ്ടാക്കൾ തുറന്നില്ല. ട്രെയിൻ ഷോർണൂരിൽ എത്തിയപ്പോൾ വാതിൽ പൊളിച്ച് പ്രതികളെ കീഴ്പ്പെടുത്തി. മോഷ്ടിച്ച മൊബൈൽ ഫോൺ ട്രെയിനിനുള്ളിൽ തന്നെ നശിപ്പിച്ച് ക്ലോസറ്റിൽ നിക്ഷേപിച്ചെന്ന് മോഷ്ടാക്കൾ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ നിരവധി എൻഡിപിഎസ് കേസുകളിൽ ഇവർ പ്രതികളാണെന്നും, തൻസീർ കോഴിക്കോട് ബീവറേജ് കുത്തിത്തുറന്ന കേസിലെ പ്രതിയാണെന്നും മനസ്സിലായി. മലബാർ എക്സ്പ്രസ് 20 മിനിറ്റ് വൈകിയാണ് ഷൊർണൂരിൽ നിന്ന് പുറപ്പെട്ടത്. ട്രെയിനിൽ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ടാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.