KERALA NEWS TODAY-മുക്കം : ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവങ്ങൾ വൻആഘോഷമാക്കുമ്പോഴും ഭിന്നശേഷിവിദ്യാർഥികളുടെ ജില്ലാകലോത്സവം നടത്താൻ ഫണ്ടില്ല.
കൃത്യമായി ശമ്പളംപോലും ലഭിക്കാത്ത സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്കിടയിൽ പണപ്പിരിവ് നടത്തിയാണ് ഭിന്നശേഷിവിദ്യാർഥികളുടെ ജില്ലാകലോത്സവങ്ങൾ ഇപ്പോൾ സംഘടിപ്പിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ സ്പെഷ്യൽ സ്കൂളുകളിലും മറ്റു വിദ്യാലയങ്ങളിലുമായി പതിനായിരത്തോളം ഭിന്നശേഷി വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്ക്.
ഇതിൽ കലോത്സവത്തിൽ പങ്കെടുക്കാൻ നാനൂറോളം വിദ്യാർഥികളുടെ എൻട്രികളാണ് ഇത്തവണ ലഭിച്ചത്.
ലളിതഗാനം, ചിത്രരചന, മോഹിനിയാട്ടം, സംഘനൃത്തം, സംഘഗാനം തുടങ്ങി എട്ടിനങ്ങളിൽ മാത്രമാണ് ജില്ലാകലോത്സവത്തിൽ വിദ്യാർഥികൾ മാറ്റുരയ്ക്കുന്നത്.
സംസ്ഥാന കലോത്സവത്തിലേക്ക് ജില്ലയിൽനിന്ന് ഒരിനത്തിൽ ഒരു വിദ്യാർഥിക്കും ഗ്രൂപ്പിനത്തിൽ ഒരു ടീമിനും മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.
അതുകൊണ്ട് തന്നെ ജില്ലയിലെ മികച്ച കലാകാരന്മാരെ കണ്ടെത്തണമെങ്കിൽ ജില്ലാകലോത്സവം സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അധ്യാപകർ പറയുന്നു.
വിജയിക്കുന്ന വിദ്യാർഥികളുടെ പേരുവിവരങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുകയും വേണം.
സംസ്ഥാനത്തെ ഭിന്നശേഷിവിദ്യാർഥികളുടെ ക്ഷേമത്തിനും സർക്കാർ അംഗീകൃത സ്പെഷ്യൽ സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളവിതരണത്തിനും മറ്റുമായി വർഷം നൂറുകോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. എന്നാൽ, ഇക്കഴിഞ്ഞ ബജറ്റിൽ സർക്കാർ അനുവദിച്ചതാകട്ടെ 45 കോടി രൂപ മാത്രം. അതായത്, മിക്ക അധ്യാപക – അനധ്യാപക ജീവനക്കാർക്കും കൃത്യമായ ശമ്പളം നൽകാൻപോലും പണമില്ലാത്ത അവസ്ഥ.
അതേസമയം, ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ നടത്തിപ്പിനായി എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും നിശ്ചിതതുക ഈടാക്കാറാണ് പതിവ്. കലോത്സവങ്ങൾ നടക്കുന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് പതിനായിരം രൂപ വരെയും സഹായധനം ലഭിക്കും.
ജില്ലാകലോത്സവ നടത്തിപ്പിനായി ഭിന്നശേഷിവിദ്യാർഥികളിൽനിന്ന് എങ്ങനെ പണപ്പിരിവ് നടത്തുമെന്നാണ് സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ ചോദ്യം. നിലവിൽ ഭിന്നശേഷിവിദ്യാർഥികളുടെ സംസ്ഥാന കലോത്സവത്തിന് മാത്രമാണ് സർക്കാർ സഹായ ധനം നൽകുന്നത്. ഫണ്ടിൽ മാത്രമല്ല, സംഘാടനത്തിലും പിഴവുകളുണ്ടെന്ന് അധ്യാപകർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് തയ്യാറാക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇപ്പോഴും കലോത്സവങ്ങൾ സംഘടിപ്പിക്കുന്നതെന്നാണ് പരാതി.ഇത്തവണ മുക്കം നഗരസഭയിലെ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലാണ് ഭിന്നശേഷിവിദ്യാർഥികളുടെ കോഴിക്കോട് ജില്ലാകലോത്സവം.