കാൽരണ്ടും കൂട്ടിക്കെട്ടിയ നിലയിൽ കനാലിൽ ഒഴുകിവന്ന വീട്ടമ്മയെ രക്ഷിച്ച് യുവാക്കൾ. പുലർച്ചെ 2.45 ഓടെയാണ് ചൂണ്ടയിടുകയായിരുന്ന യുവാക്കളാണിത് കാണുന്നത്. ആദ്യം നീർനായയാണെന്നാണ് കരുതിയത്. തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തിൽ കൈയും തലയും വെള്ളത്തിനു മുകളിൽ കണ്ടതോടെ എടക്കാട് സ്വദേശി ഡോൺ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടി. അപ്പോഴാണ്, അതൊരു സ്ത്രീയാണെന്ന് മനസ്സിലായത്. പിന്നീട്, അവരെ പിടിച്ചുനിർത്തി ???പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോൾ ബോധമുണ്ടായിരുന്നില്ല. മൊകവൂർ സ്വദേശിയാണ് വീട്ടമ്മ. 25 മീറ്ററോളം ദൂരം ഇവർ വെള്ളത്തിലൂടെ ഒഴുകിയിട്ടുണ്ടാകാമെന്ന് കരുതുന്നു.
പൊലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാൾപ്പൊക്കത്തിൽ വെള്ളവുമുള്ള കനാലിൽനിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്ക്കെത്തിച്ചത്. പൊലീസ് വാഹനത്തിൽത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നൽകിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കാൽവരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരിൽനിന്ന് മൊഴിയെടുത്താൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്നും എലത്തൂർ പൊലീസ് പറഞ്ഞു. ഡോൺ എഡ്വിൻ, വെസ്റ്റ്ഹിൽ കരിയാട്ടുംപൊയിൽ അതുൽ, കുമാരസ്വാമിയിലെ ചെറുവലത്ത് ഉമ്മാരത്ത് കൃഷ്ണദേവ് വീട്ടിൽ നിരഞ്ജൻ, എടക്കാട് കക്കാട്ടുപൊയിൽ അതുൽ എന്നിവരാണ് രക്ഷകരായ യുവാക്കൾ.