KERALA NEWS TODAY :ജൂണ്‍ മാസം ഒന്നാം തീയതി തന്നെ മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചിരുന്ന മൂന്നാറിന്റെ കാലാവസ്ഥയ്ക്ക് മുഖം മാറ്റം. സമീപ കാലമായി ജൂണിന്റെ പതിവു തെറ്റിച്ച് സമ്മിശ്രമായ കാലാവസ്ഥ സഞ്ചാരികള്‍ക്കു പുതുമയാവുകയാണ്.രാവിലെ ആകാശത്ത് പാറി നടക്കുന്ന മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന ഇളം വെയില്‍, രാവിലെ 11 മണിയാകുമ്പോഴേയ്ക്കും വെയിലിനെ വകഞ്ഞു മാറ്റിയെത്തുന്ന കോടമഞ്ഞ് കളം പിടിക്കുന്നു. ഉച്ചയ്ക്കു ശേഷം ചെറിയ തോതില്‍ അരിച്ചിറങ്ങുന്ന ചെറുനൂല്‍ മഴ. വൈകിട്ടാവുമ്പോള്‍ അല്പം കൂടി ശക്തമായി പെയ്യുന്ന ചാറ്റല്‍ മഴ, ഇടയ്ക്ക് അല്പം കൂടെ കടുപ്പം കൂടുന്ന മഴ. മഴ ശമിച്ചാല്‍ പിന്നെ വീശിയെത്തുന്ന കാറ്റില്‍ അനുഭവപ്പെടുന്ന ഇളം തണുപ്പ്. സമീപ കാലമായി മൂന്നാറിന്റെ ജൂണ്‍ മാസത്തെ കാലവസ്ഥയാണിത്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജൂണില്‍ അനുഭവപ്പെടുന്ന എല്ലാ കാലാവസ്ഥയും കൂടി ഇടകലര്‍ന്ന ഈ അനുഭവം മൂന്നാറിലെ കാലാവസ്ഥാ വ്യതിയാനത്തെയാണ് അടയാളപ്പെടുത്തുന്നത്. മുമ്പ് സീസണുകളിലായി മാത്രം അനുഭവമായിരുന്നവ ഇപ്പോള്‍ ഒരു ദിവസം തന്നെ അനുഭവപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.മുമ്പ് ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ശക്തമായ മഴ മൂന്നാറിലും സമീപ പ്രദേശങ്ങളിലും ലഭിച്ചിരുന്നത്. എന്നാല്‍ ഈ പതിവിന് മാറി, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇപ്പോൾ ശക്തമായ മഴ പെയ്യുന്നത്. കാലാവസ്ഥ വ്യതിയാനം മൂന്നാറിലെ പശ്ചാത്തലത്തിനും സാഹചര്യങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, സഞ്ചാരികള്‍ക്ക് ഈ കാലാവസ്ഥ പുതുമയാവുകയാണ്. വെയിലും, മഞ്ഞും, മഴയും, തണുപ്പുമെല്ലാം ഒറ്റ ദിവസം കൊണ്ട് ആസ്വദിച്ച് മടങ്ങാമെന്നതാണ് സഞ്ചാരികള്‍ക്ക് സൗകര്യപ്രദമാകുന്നത്.