KERALA NEWS TODAY WAYANAD:ശ്രമകരമായ 17 മണിക്കൂറുകൾക്കൊടുവിൽ മാനന്തവാടിയിലെ ജനവാസ മേഖലയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു.
ആനയെ കർണാടകയ്ക്ക് കൈമാറിയശേഷമാണ് ആന ചരിഞ്ഞത്. ലോറിയിൽ കയറ്റി ബന്ദിപൂരിലെ രാമപുര ക്യാംപിലേക്ക് എത്തിച്ചശേഷമാണ് കാട്ടാന ചരിഞ്ഞത്. ഇക്കാര്യം കർണാടക
ഔദ്യോഗികമായി കേരളത്തെ അറിയിച്ചു.തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു.
ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ് മോര്‍ട്ടം
നടത്തും.20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രിയോടെയാണ് മാനന്തവാടി ടൗണിനെ ഒരു പകൽ വിറപ്പിച്ച തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം വിജയിച്ചത്. മയക്കുവെടി വച്ച് മണിക്കൂറുകൾക്കുള്ളിൽ
തണ്ണീർക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റി. ആനയുടെ കാലിൽ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ
അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്നാണ് എലിഫന്റ് ആംബുലൻസിൽ കയറ്റിയത്.
തണ്ണീർക്കൊമ്പനെ മയക്കാൻ ദൗത്യസംഘം ആദ്യം വെടിയുതിർത്തത് പാളിയെങ്കിലും, രണ്ടാമത്തെ ശ്രമം ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് രണ്ട് ബൂസ്റ്റർ ഡോസും നൽകി.
എന്നാൽ മയങ്ങാൻ സമയമെടുത്തതോടെ ആനയെ വാഹനത്തിലേക്കു മാറ്റുന്നത് പ്രതിസന്ധിയിലായി. ഇതിനിടെ, ആനയുടെ ഇടതുകാലിൽ പരിക്കേറ്റതായി റിപ്പോർട്ട് വന്നു.
ഒടുവിൽ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ ഉപയോഗിച്ചാണ് തണ്ണീർക്കൊമ്പനെ എലിഫന്റ് ആംബുലൻസിൽ കയറ്റിയത്. ആനയെ പിടികൂടി ബന്ദിപ്പുർ
വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി ജയപ്രസാദാണ് ഉത്തരവിട്ടത്.
ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.