കഴിഞ്ഞ വർഷം 20 ഇരട്ടി വരെ വർധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 33 മുതൽ 60 ശതമാനം വരെ കുറവാണ് വീടുകളും വാണിജ്യസ്ഥാപനങ്ങളും ഉൾപ്പെടെ ഉള്ള കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസിൽ ഉണ്ടാവുക എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പഞ്ചായത്തുകളിൽ 81-300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ഫീസിൽ 50 ശതമാനം കുറവുണ്ടാകും. കോർപറേഷനിൽ ഇത്രയും വിസ്തീർണമുള്ള വീടുകൾക്ക് 60 ശതമാനം ഫീസ് കുറയും. പുതിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 2023 ഏപ്രിൽ 10നാണ് പെർമിറ്റ് ഫീസ് വർധിപ്പിച്ചത്. ഇതുവഴി തദ്ദേശ സ്ഥാപനങ്ങൾക്ക് 171.9 കോടി രൂപയുടെ അധിക വരുമാനമാണ് ഉണ്ടായതെന്നും ഇത് അവയുടെ തനതു വരുമാനമാണെന്നും സർക്കാരിനു ലഭിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, സർക്കാർ അധിക ഫീസ് നിശ്ചയിച്ചുവെന്നുള്ള പരാതിയുടെയും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇളവുകൾ വരുത്താൻ തീരുമാനിച്ചത്.
