Latest Malayalam News - മലയാളം വാർത്തകൾ

തൃശ്ശൂരിൽ ഓണത്തിന് പുലിക്കളി നടക്കും

The Pulikali which is held on Onam in Thrissur will be held this year also

തൃശ്ശൂരിൽ ഓണത്തിന് നടക്കുന്ന പുലിക്കളി ഇത്തവണയും മാറ്റമില്ലാതെ നടക്കും. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റിവെയ്ക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. മേയറുടെ ചേമ്പറിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം കോർപ്പറേഷൻ കൗൺസിലിന്റെതായിരിക്കും. ഇതുവരെയുള്ളത് ആറ് പുലിക്കളി സംഘങ്ങളാണ്. സെപ്റ്റംബർ 18ന് ആണ് പുലിക്കളി നടക്കുക. പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങൾ നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. 16,17 തിയതികളിലായി കുമ്മാട്ടിയും 18 ന് ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലികളിയുമാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പുലികളിക്കായി ഒമ്പത് ടീമുകൾ രജിസ്റ്റര്‍ ചെയ്തിരുന്നു. പുലിക്കളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ഇതിനകം ചെലവഴിച്ചു എന്നാണ് സംഘാടക സമിതി പറയുന്നത്. അതുകൊണ്ട് തന്നെ കോർപ്പറേഷൻ അനുമതി നിഷേധിച്ചാലും പുലിക്കളി നടത്താൻ സംഘാടക സമിതി തയ്യാറാവുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.