Latest Malayalam News - മലയാളം വാർത്തകൾ

പ്ലസ് വൺ വിദ്യാർഥിനി ഗർഭിണിയാണെന്ന് കണ്ടെത്തിയത് മൃതദേഹപരിശോധനയിൽ; പോക്‌സോ കേസിൽ അറസ്റ്റ്

NATIONAL NEWS-കോയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 19-കാരന്‍ അറസ്റ്റില്‍.
പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന യുവാവിനെയാണ് കോയമ്പത്തൂര്‍ ഓള്‍-വിമന്‍ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.
അസുഖം ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹപരിശോധനയിലാണ് ഏഴുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
ഇതോടെ പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഒക്ടോബര്‍ പത്താംതീയതി ഉച്ചയോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അപസ്മാരബാധയെത്തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ പിറ്റേദിവസം മരിച്ചു. എന്നാല്‍, ഇതിന് മുന്‍പൊന്നും അപസ്മാരലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. മൃതദേഹപരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് 19-കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇയാള്‍ പെണ്‍കുട്ടിയുമായി പതിവായി ഫോണില്‍ സംസാരിച്ചിരുന്നതായും പോലീസ് കണ്ടെത്തി. തുടര്‍ന്ന് 19-കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

താനും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലാണെന്നാണ് പ്രതി നല്‍കിയ മൊഴിയെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഡി.എന്‍.എ. പരിശോധന കൂടി നടത്തുമെന്നും പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.