Latest Malayalam News - മലയാളം വാർത്തകൾ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം ; സംസ്ഥാനത്ത് ഇന്ന് പ്രതിഷേധം

The murder of a young doctor in Kolkata; Protests in the state today

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ വനിതാ പിജി ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും ഇന്ന് ഭാഗികമായി തടസപ്പെടും. കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി പിജി ഡോക്ടര്‍മാര്‍ ഇന്ന് ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. അത്യാഹിത വിഭാഗം, അടിയന്തിര ശസ്ത്രക്രിയകള്‍ ഒഴികെയുള്ള ആശുപത്രി സേവനങ്ങളാണ് യുവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുന്നത്. പിജി ഡോക്ടര്‍മാർക്കൊപ്പം സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരത്തിലാണ്. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരും ഡ്യൂട്ടി ബഹിഷ്‌കരണ സമരത്തിലാണ്.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ദേശീയ സംഘടനയുടെ ആഹ്വാന പ്രകാരമാണ് കേരളത്തിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കുന്നത്. ഈ മാസം 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിന്‍ നടത്തുമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. യുവ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ് സിബിഐ. കൊല്ലപ്പെട്ട ഡോക്ടറുടെ മൂന്ന് സഹപാഠികളെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. എട്ട് ഡോക്ടര്‍മാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ കേസില്‍ അറസ്റ്റിലായ 12 പേരെ ഈ മാസം 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Leave A Reply

Your email address will not be published.