പാലക്കാട് കണ്ണമ്പ്രയില്‍ കനത്ത മഴയില്‍ വീടുതകര്‍ന്ന് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകനും ദാരുണാന്ത്യം. സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടമുണ്ടായത്. വീടിന് കാലപ്പഴക്കമുണ്ടായിരുന്നു. കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവര്‍ക്ക് മേലേയ്ക്ക് വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ അയൽവാസികൾ ചേർന്ന് ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാലക്കാട് ജില്ലയില്‍ ഇന്നലെ മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. നിരവധിയിടങ്ങളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്ന സംഭവങ്ങളും വന്‍ മരങ്ങള്‍ കടപുഴകി വീണ സംഭവങ്ങളും ഇന്നലെ മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.