KERALA NEWS TODAY IDUKKI :ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ അർജുൻ സുന്ദറിൻ്റെ (24) ബന്ധുവാണ് പിതാവിനെ ആക്രമിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വണ്ടിപ്പെരിയാർ ടൗണിൽ സത്രം ജങ്ഷനിൽ വെച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം.ഇന്നു രാവിലെ ഇരുവരും തമ്മിൽ കേസിനെച്ചൊല്ലി വാക്കുതർക്കം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിതാവിൻ്റെ കാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പോലീസ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്ന അർജുനെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടതോടെ ഇരു വിഭാഗവും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ തങ്ങളെ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് അർജുൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് അർജുൻ്റെ കുടുംബത്തിനു പോലീസ് സുരക്ഷ ഏർപ്പെടുത്താൻ ഉത്തരവുണ്ടായിരുന്നു.