സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യം എത്തുക. നാളെ രാവിലെ 9.15ന് ബെർത്തിങ് നടക്കുകയെന്നാണ് റിപ്പോർട്ട്. സാൻ ഫർണാണ്ടോ കപ്പൽ രാവിലെ 7.45ന്ന് തുറമുഖ ഔട്ടർ ഏരിയയിൽ എത്തും. അവിടെ നിന്ന് തുറമുഖ പൈലറ്റ് കപ്പലിനെ വിഴിഞ്ഞത്ത് എത്തിക്കും.
വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണം നൽകുന്നത്. സ്വീകരണ ചടങ്ങിൽ ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകും. മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോർട്ട് അധികൃതരും, വിസിൽ അധികൃതരും ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. ട്രയൽ റണ്ണിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാൻ ഫെർണാണ്ടോ മടങ്ങും. തൊട്ട് പിന്നാലെ രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ വരെ നിരവധി മദർഷിപ്പുകളും, ഫീഡർഷിപ്പുകളും ചരക്കുനീക്കത്തിന് വിഴിഞ്ഞത്ത് എത്തും.