KERALA NEWS TODAY KOCHI:കൊച്ചി: കെഎസ്ആർടിസി ഭരണത്തിൽ താൻ പിടിമുറുക്കാൻ പോകുകയാണെന്ന് മന്ത്രി ഗണേഷ് കുമാർ. “മന്ത്രിയെന്ന നിലയിൽ ഓരോ പോയിന്റിലും ഇടപെടേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ ഞാൻ ഇടപെടും,” അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ ലാഭകരമാക്കുമെന്ന് താൻ പറയില്ല, എന്നാല്‍ സ്വന്തം കാര്യങ്ങൾ നോക്കിനടത്താൻ കഴിയുന്ന നിലയിലേക്ക് എത്തിക്കും.നഷ്ടത്തിലോടുന്ന വണ്ടികൾ താൻ നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനും അതിൽ നടപടിയെടുക്കാനും തുടങ്ങിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞദിവസം മുതൽ താൻ പരിശോധന തുടങ്ങി. നഷ്ടത്തിലോടുന്ന വണ്ടികളുടെ കാര്യത്തിന്റെ തന്റെ നേരിട്ടുള്ള സാന്നിധ്യത്തിൽ ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തും. വണ്ടി തീരേ ഓടിക്കില്ലെന്നല്ല. ഏത് സ്റ്റോപ്പ് വരെയാണ് ആളുള്ളത് എന്ന് നോക്കും. അതുവരെ വണ്ടി ഓടിക്കും. ആളില്ലാതെ ദീർഘദൂരം വണ്ടിയോടിക്കേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. ആളില്ലാത്ത റൂട്ടുകൾ ഒഴിവാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു.
നെടുമങ്ങാടു നിന്ന് പേരൂർക്കട വഴി കിഴക്കേക്കോട്ടയിലേക്ക് ഒരു വണ്ടി ഓടി വരുമ്പോൾ കിലോമീറ്ററിന് ആറര രൂപയാണ് കിട്ടുന്നതെങ്കിൽ എന്തിനാണ് ആ വണ്ടി ഓടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കളക്ഷനില്ലാത്ത വണ്ടി ആർക്കും വേണ്ടാത്ത വണ്ടിയാണ്. പിന്നെന്തിനാണ് അത് ഓടിക്കുന്നതെന്ന് മന്ത്രി ചോദിച്ചു.
ചില ജീവനക്കാർ തന്നെ ചില റൂട്ടുകളിലേക്ക് വണ്ടി ഓടിക്കണമെന്ന് കത്തെഴുതി നൽകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ സൗകര്യത്തിന് വേണ്ടിയാണത്. അതെല്ലാം നിർത്തി. ആളുണ്ടോ എന്നതാകണം വണ്ടി അനുവദിക്കുന്നതിന്റെ മാനദണ്ഡം.