ഗംഗാവലി പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നതിനാൽ അർജുനായുള്ള രക്ഷാദൗത്യം നീളും. അടിയൊഴുക്ക് രണ്ട് നോട്സിൽ എത്തിയാൽ മാത്രമേ പുഴയിൽ ഡൈവിങ് സാധ്യമാകുകയുള്ളൂ. അടിയൊഴുക്ക് കുറയണമെങ്കിൽ ശക്തമായ മഴ മാറിനിക്കണം. ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല. ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് ഏഴ് നോട്സിൽ കൂടുതലെന്ന് നാവികസേന അറിയിച്ചു. ഒരു നോട്ട് എന്നത് മണിക്കൂറിൽ 1.85 കിമി വേഗതിയിലുള്ള അടിയൊഴുക്കാണ്. നിലവിലെ സാഹചര്യത്തിൽ ഡൈവ് ചെയ്‌താൽ അപകട സാധ്യത കൂടുതലാണെന്നും നാവികസേന അറിയിച്ചു.
നിലവിൽ ഗംഗാവലി പുഴയിൽ നാവികസേനയുടെ കൂടുതൽ ബോട്ടുകൾ പരിശോധന നടത്തുകയാണ്. ലോറിയുടെ യഥാർത്ഥ സ്ഥാനം കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി. ലോറി സാന്നിധ്യം കണ്ടെത്തിയ പോയിന്റ് മൂന്ന് കേന്ദ്രീകരിച്ചാണ് പരിശോധന. സ്പോട്ട് മൂന്നിൽ ലോഹവസ്‌തുക്കൾ ചിതറിക്കിടക്കുന്നതായി സിഗ്നൽ ലഭിച്ചു. അർജുനെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. ഡ്രോൺ പരിശോധനക്കൊപ്പം റഡാർ പരിശോധനയും നടത്തും. അടിയൊഴുക്ക് ശക്തമായതിനാൽ ഡൈവിങ്ങ് സാധ്യമാകുന്നില്ലെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ട്രക്കുള്ളത് മൂന്നാമത്തെ സ്പോട്ടിലെന്ന് നിഗമനം. 30 അടി താഴ്ചയിലാണ് ട്രക്കുള്ളത്. സാഹചര്യം അനുകൂലമായാൽ ഡൈവേഴ്സിന് ദൗത്യം നടത്താനാകുമെന്നും കാർവാർ എംഎൽഎ അറിയിച്ചു.