ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോൾ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി പറഞ്ഞു. എസ്റ്റിമേറ്റ് തുക ചെലവഴിച്ച തുകയെന്ന പേരിൽ വ്യാപക പ്രചരണമുണ്ടായെന്ന് സർക്കാർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കാൻ നിർദേശികണമെന്ന് അമിക്കസ് ക്യൂറി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയിൽ നിന്നും തുക ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
സർക്കാർ രക്ഷാപ്രവർത്തനങ്ങൾക്ക് കണക്കാക്കിയ എസ്റ്റിമേറ്റ് തുക സംബന്ധിച്ച് വിവാദത്തിനിടയാക്കിയിരുന്നു. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സർക്കാർ കണക്ക്. 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത് 15 കോടിയാണ്. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി ചിലവ് 11 കോടിയുമാണ്. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ആയി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7 കോടിയെന്നാണ് സർക്കാർ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ പറയുന്നത്.