WORLD TODAY JAPAN:ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. ജപ്പാൻ എയർലൈൻസിൻ്റെ വിമാനമാണ് റൺവേയിൽ തീപിടിച്ചത്. ചൊവ്വാഴ്ച ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലാണ് അപകടം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.ജപ്പാൻ എയർലൈൻസിൻ്റെ ജെ എ എൽ 516 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റൺവേയിൽ വെച്ച് തീപിടിച്ച വിമാനം മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം പൂർണമായി കത്തിയമർന്നുവെന്നാണ് റിപ്പോർട്ട്.12 ജീവനക്കാരടക്കം 379 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നതെന്നും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കോസ്റ്റ് ഗാർഡ് വിമാനത്തിലെ ജീവനക്കാരെ കണ്ടെത്തി. ഇവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമല്ല. റൺവേയിൽ വെച്ച് കോസ്റ്റ്ഗാർഡിൻ്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിമാനം കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.