Latest Malayalam News - മലയാളം വാർത്തകൾ

ജെല്ലിക്കെട്ടിനൊരുങ്ങി തമിഴകം; ഇന്ന് തൈപ്പൊങ്കൽ

NATIONAL NEWS TAMILNADU:ഇന്ന് തൈപ്പൊങ്കൽ. തൈ പിറന്താൽ വഴി പിറക്കുമെന്നതാണ് തമിഴ് വംശജരുടെ വിശ്വാസം. അതിർത്തിഗ്രാമങ്ങളിൽ പൊങ്കലിനോടനുബന്ധിച്ച് കാപ്പുകെട്ടൽ നടന്നു. തമിഴ് തിരുനാൾ എന്നറിയപ്പെടുന്ന പൊങ്കൽ അതിർത്തിഗ്രാമങ്ങളിൽ ഉത്സവമാണ്.കാപ്പുകെട്ടി കോലമിട്ട് ലക്ഷ്മീദേവിയെ വരവേൽക്കുന്ന ചടങ്ങോടെയാണ് പൊങ്കലിന് തുടക്കമായത്.തമിഴ് സംസ്കാരവുമായി ഇഴുകിച്ചേർന്ന കിഴക്കൻമേഖലയിലെ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ് പൊങ്കൽ ആഘോഷത്തിനൊരുങ്ങിയത്. തൈപ്പൊങ്കൽ ദിവസം കുടുംബത്തിൽ പുതുതായി വിവാഹം കഴിഞ്ഞവരുണ്ടെങ്കിൽ അവർക്ക് പുതുവസ്ത്രങ്ങളും സ്വർണാഭരണങ്ങളും പാത്രങ്ങളും നൽകും.രാവിലെ സൂര്യോദയത്തിനു ശേഷം 8.30 വരെയാണ് പൊങ്കൽവെപ്പ്‌. കോലമാവും വിവിധ വർണങ്ങളിലുള്ള പൊടികളും ഉപയോഗിച്ച് വീട്ടുമുറ്റത്ത് കോലമിടും. പുതുതായി കൊയ്തെടുത്ത നെല്ലിന്റെ അരികൊണ്ട് പാത്രത്തിൽ പൊങ്കൽ വെയ്ക്കും. വീട്ടുമുറ്റത്ത് തയ്യാറാക്കിയ അടുപ്പിൽ സൂര്യന് അഭിമുഖമായിട്ടാണ് പൊങ്കൽ വെയ്ക്കുന്നത്. അടുപ്പിനുസമീപത്തായി വാഴ, കരിമ്പ് തുടങ്ങിയവയും ഉണ്ടാവും. പാത്രത്തിൽനിന്ന്‌ തിളച്ചുയരുന്ന വെള്ളം കിഴക്കു ദിക്കിലേക്കാണ് വീഴുന്നതെങ്കിൽ ഈ വർഷം ശുഭമായിരിക്കുമെന്നാണ് കർഷകജനതയുടെ വിശ്വാസം.

Leave A Reply

Your email address will not be published.