ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും ഇപ്പോഴിതാ അതിജീവന വാർത്ത പുറത്തു വരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ നാല് പേരെ ദൗത്യസംഘം രക്ഷിച്ചു. പടവെട്ടിക്കുന്നിൽ നിന്നുമാണ് നാല് പേരെ ജീവനോടെ രക്ഷിച്ചത്. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് ഉരുള്പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയത്. ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് രക്ഷാപ്രവർത്തകർ.
നാല് പേരെയും ബേസ് ക്യാമ്പിലേക്ക് മാറ്റുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒറ്റപ്പെട്ടു പോയവരിൽ ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ട്. ഉരുൾപൊട്ടലിൽപെടാതെ ഓടി രക്ഷപെടുന്നതിനിടെയാണ് ഇവർ കുടുങ്ങിയത്. മുണ്ടക്കൈയിൽ നിന്ന് ഒരു കിലോ മീറ്റർ മാറിയാണ് പടവെട്ടിക്കുന്നിലുള്ള ജോണിന്റെ വീട്.