Latest Malayalam News - മലയാളം വാർത്തകൾ

എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്‌: ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

Kerala News Today-ന്യൂഡൽഹി: എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിചാരണ തുടരാമെന്നുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് മേയ് 20-ന് നേരിട്ട് ഹാജരാകാന്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എഫ്. മിനിമോള്‍ ഉത്തരവിട്ടിരുന്നു. സ്റ്റേ ഉത്തരവോടെ വെള്ളാപ്പള്ളിക്ക് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടി വരില്ല.

തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീൽ നൽകിയത്. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. എസ്എൻ കോളേജ് സുവർണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനിൽക്കുന്നതിനിടെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ വെള്ളാപ്പള്ളിക്കായി മുതിർന്ന അഭിഭാഷകൻ വി.ഗിരി, ജി.നാഗമുത്തു, അഭിഭാഷകൻ റോയി എബ്രഹാം എന്നിവർ ഹാജരായി. കേസിലെ എതിർകക്ഷിക്കായി അഭിഭാഷകൻ ജി.പ്രകാശ് ഹാജരായി. 1998ൽ കൊല്ലം എസ്എൻ കോളേജിലെ സുവർണ്ണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. 1 കോടി രൂപ പിരിച്ചെടുത്തതിൽ 55ലക്ഷം രൂപ പൊതുജനപങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ്എൻ ട്രസ്റ്റിലേക്ക് മാറ്റിയതിൽ ക്രമക്കേട് ആരോപിച്ചാണ് പരാതി. കമ്മിറ്റിയുടെ ചെയർമാനായ വെള്ളാപ്പള്ളി നടേശനെതിരെ അന്നത്തെ എസ് എൻഡി പി കൊല്ലം ജില്ല വൈസ് പ്രസിഡന്‍റും, ട്രസ്റ്റിന്‍റെ ബോർഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.