
KERALA NEWS TODAY MALAPPURAM:മലപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന പെട്രോളും ഹെൽമറ്റും കാണാതാവുന്നതായി പരാതി. സ്റ്റേഷനിൽ വാഹനം നിർത്തിയിട്ട് ട്രെയിൻ കയറാനെത്തുന്ന ഇരുചക്ര വാഹനയാത്രക്കാരാണ് വെട്ടിലാവുന്നതിൽ ഏറെയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് പേരുടെ ഹെൽമറ്റാണ് നഷ്ടമായതായി പരാതി ഉയർന്നത്. കാലടി സ്വദേശിയായ യാത്രക്കാരന്റെ ഹെൽമറ്റും ബൈക്കിലെ പെട്രോളും നഷ്ടമായതാണ് ഒടുവിലത്തെ സംഭവം.കഴിഞ്ഞ ദിവസം ബൈക്ക് സ്റ്റേഷന് മുൻവശത്തെ പാർക്കിങ് സ്ഥലത്ത് നിർത്തി ട്രെയിനിൽ യാത്ര പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോൾ ഹെൽമറ്റില്ല. ടൗണിലെ കടയിൽ പോയി ഹെൽമറ്റ് വാങ്ങിയാണ് ഇയാൾ ബൈക്കുമായി വീട്ടിലേക്ക് പോയത്. ബൈക്കിലെ പെട്രോൾ പകുതിയിലേറെ കുറഞ്ഞതായും ഇയാൾ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായി.സ്റ്റേഷനിൽ വിശാലമായ പാർക്കിങ് സ്ഥലം സജ്ജമായതോടെ വാഹന പാർക്കിങ് കരാർ ജീവനക്കാർക്കും മുഴുവൻ സമയം നിരീക്ഷിക്കാൻ കഴിയുന്നില്ല. സ്റ്റേഷന് പുറത്തും പാർക്കിങ് സ്ഥലത്തും റെയിൽവേ സിസിടിവി ക്യാമറകൾ സ്ഥാപിക്കാത്തതും മോഷണത്തിന് സാഹചര്യമൊരുക്കുന്നുണ്ട്. മോഷണം തുടർച്ചയായ സാഹചര്യത്തിൽ പാർക്കിങ് സ്ഥലത്ത് സോളർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കാനാണ് വാഹന പാർക്കിങ് കരാർ എടുത്തവരുടെ ആലോചന.