Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാന സ്‌കൂൾ കലോത്സവം ഇന്ന് നാലാം ദിനത്തിൽ

State School Kalolsavam enters its fourth day today

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് നാലാം ദിനത്തിൽ. ജനപ്രിയ ഇനങ്ങളായ മിമിക്രി, നാടകം, പരിചമുട്ട്, നാടൻപാട്ട് മത്സരങ്ങൾ എന്നിവ ഇന്നും തുടരും. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകൾ സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. 713 പോയിന്റോടെ കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനും തൃശൂരിനും 708 പോയിന്റുണ്ട്. 702 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും ഉണ്ട്. നാളെയാണ് കലോത്സവം സമാപിക്കുന്നത്.

പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ ആണ് സ്കൂളുകളിൽ ഒന്നാം സ്ഥാനത്ത്. 123 പോയിന്റാണ് സ്കൂളിനുള്ളത്. കാർമൽ ഹയർസെക്കൻഡറി സ്കൂൾ തിരുവനന്തപുരം ആണ് രണ്ടാം സ്ഥാനത്ത്. 93 പോയിന്റാണ് ഈ സ്കൂളിനുള്ളത്. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എംടി, നിള വേദിയിൽ 9:30ന് പെൺകുട്ടികളുടെ ഭരതനാട്യ മത്സരം എന്നിവ ആരംഭിക്കും. ഇതേ വേദിയിൽ പെൺകുട്ടികളുടെ സംഘനൃത്തം ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ നാടക മത്സരമാണ് അരങ്ങേറുക. പാളയം സെൻ്റ് ജോസഫ് എച്ച്എസ്എസ് ഭവാനി നദി വേദിയിൽ രാവിലെ 9:30ന് പെൺകുട്ടികളുടെ മിമിക്രിയും ഉച്ചയ്ക്ക് 3 മണിക്ക് വൃന്ദ വാദ്യവും നടക്കും. നിർമല ഭവൻ എച്ച്എസ്എസ് കവടിയാർ രാവിലെ 9:30ന് ആണൺകുട്ടികളുടെ മോണോആക്ടും 12 മണിയ്ക്ക് പെൺകുട്ടികളുടെ മോണോആക്ടും ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് കഥാപ്രസംഗവും അരങ്ങേറും. ഇങ്ങനെ ജനപ്രിയ ഇനങ്ങൾ വിവിധ വേദികളിലായി നടക്കും. ജനുവരി നാല് ശനിയാഴ്ച ആരംഭിച്ച കലോത്സവം നാളെയാണ് പൂർത്തിയാകുന്നത്.

Leave A Reply

Your email address will not be published.