പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. ആമയിഴഞ്ചാൻ അപകടത്തിന് പിന്നാലെ മാലിന്യ പ്രശ്നത്തിൽ പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ വാഹന രജിസ്‌ട്രേഷൻ റദ്ദാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന 40 എ ഐ ക്യാമറകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.
ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കമ്പിവേലി സ്ഥാപിക്കും. രണ്ട് കിലോമീറ്റർ ദൂരത്തിലാണ് കമ്പിവേലി സ്ഥാപിക്കുന്നത്. കൂടാതെ ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിന് സ്ഥിരം സംവിധാനമുണ്ടാക്കും. സബ് കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കാനും, റെയിൽവേ ഭൂമിയിലെ മാലിന്യം റെയിൽവേ തന്നെ നീക്കം ചെയ്യാനും തീരുമാനമായി.
റെയിൽവേ ഭൂമിയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജറാണ് യോഗത്തിൽ അറിയിച്ചത്. അതേസമയം ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവെയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മേലധികാരികളുമായി സംസാരിച്ച ശേഷം ഇക്കാര്യത്തിൽ മറുപടി നൽകാമെന്ന് ഡിആർഎം അറിയിച്ചു.