മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് മാസം പ്രായമുള്ള ചീറ്റ ചത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആഫ്രിക്കൻ ചീറ്റയായ ഗമിനിയുടെ ആറ് കുഞ്ഞുങ്ങളിൽ ഒന്നാണ് ചത്തത്. നട്ടെല്ലിന് പരിക്കേറ്റ് ശരീരം ഉയർത്താൻ പറ്റാത്ത നിലയിലാണ് ചീറ്റക്കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല.ആഫ്രിക്കൻ ചീറ്റയായ ഗമിനി ഈ വർഷം മാർച്ചിൽ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ, ഇവരിൽ ഒരാൾ ജൂൺ നാലിന് ചത്തിരുന്നു. ഗമിനിയുടെ നാല് ചീറ്റക്കുട്ടികൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കുനോ നാഷണൽ പാർക്കിൽ ഇപ്പോൾ 13 മുതിർന്ന ചീറ്റകളും 12 കുഞ്ഞുങ്ങളുമാണ് അവശേഷിക്കുന്നത്. അവരുടെ ആരോഗ്യനില സാധാരണഗതിയിലാണെന്നാണ് റിപ്പോർട്ട്.
