ദില്ലി : ദില്ലിയിൽ 45കാരിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ. തുടക്കത്തിൽ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന സംശയത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേസിലെ വഴിത്തിരിവ്. അമ്മയ്ക്ക് താൽപര്യമില്ലാത്ത യുവതിയുമായി ഇഷ്ടത്തിലാണെന്നും യുവതിയെ വിവാഹം ചെയ്യണമെന്ന് മകൻ ആവശ്യപ്പെട്ടതിന് പിന്നാലെ നടന്ന വഴക്കിനിടെ മകൻ 45കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുലോചന എന്ന 45കാരിയെയാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കയ്യിലേയും കഴുത്തിലേയും ആഭരങ്ങളും കാണാതായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോൾ മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നായിരുന്നു പ്രാഥമിക നിരീക്ഷണം.
എന്നാൽ വീട്ടിൽ നടന്ന പരിശോധനയിൽ മറ്റ് ബലപ്രയോഗങ്ങൾ ഒന്നും നടന്നതായി കണ്ടെത്താനായിരുന്നില്ല. വീട്ടിലുള്ള മറ്റ് മൂല്യമുള്ള വസ്തുക്കളും നഷ്ടമായിരുന്നില്ല. ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് കേസിൽ ട്വിസ്റ്റ് ഉണ്ടായത്. താൻ ഇഷ്ടത്തിലായ യുവതിയുടെ കാര്യം അമ്മയോട് സാവൻ അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ രീതിയിൽ ശകാരിക്കുകയും മേലിൽ യുവതിയുടെ പേര് പോലും സംസാരിക്കരുതെന്നും യുവതിയെ വിവാഹം ചെയ്യാൻ ശ്രമിച്ചാൽ സ്വത്തിൽ പോലും അവകാശം നൽകില്ലെന്നും 45കാരി ഭീഷണിപ്പെടുത്തി. ഇതിൽ പ്രകോപിതനായ 22 കാരൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു മോഷണം നടന്നതായുള്ള നാടകമെന്ന് പോലീസ് കണ്ടെത്തി.