അമേത്തിയുടെ മണ്ണിൽ നേരങ്കം കുറിക്കാൻ രാഹുൽ ഗാന്ധിയെ പലകുറി വെല്ലുവിളിച്ചതാണ് സ്മൃതി ഇറാനി. ഒടുവിൽ റായ്ബറേലിയിൽ രാഹുൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ പേടിച്ചോടുകയാണെന്നായിരുന്നു പരിഹാസം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമയെയാണ് മോദി സർക്കാറിൽ രണ്ടുതവണ മന്ത്രിയായ സ്മൃതി ഇറാനിയെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കിയത്. ഗാന്ധി കുടുംബത്തിന്റെ പാവയെന്നുമൊക്കെയുള്ള പരാമർശങ്ങളുമായി ശർമയെ സ്മൃതി പരിഹാസം കൊണ്ടു മൂടുകയും ചെയ്തിരുന്നു.
എന്നാൽ, കണക്കുകൂട്ടലെല്ലാം കാറ്റിൽ പറന്നിരിക്കുകയാണ്. അമേത്തിയിൽ സ്മൃതിയുടെ വീഴ്ച ബി.ജെ.പി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടുകൾ പാതിയോളം എണ്ണിക്കഴിഞ്ഞപ്പോൾ 47424 വോട്ടുകൾക്ക് കിഷോരി ലാൽ ശർമ മുന്നിട്ടുനിൽക്കുകയാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ സ്മൃതി മലർന്നടിച്ചു വീഴുമെന്നുറപ്പ്.
സ്മൃതി തോറ്റാൽ ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരങ്ങളിൽ ഒന്നായിരിക്കും അത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ലോക് സഭയിലെത്തിയ മുൻ സിനിമ, സീരിയൽ നടി കൂടിയായ സ്മൃതി ബി.ജെ.പിയുടെ മുൻനിര നേതാക്കളിൽ ഒരാളായാണ് അറിപ്പെടുന്നത്.