കനത്ത മഴ തുടരുന്ന ഡൽഹിയിൽ നാല് കുട്ടികളുൾപ്പടെ ആറ് പേർ മുങ്ങി മരിച്ചു. എട്ടും പത്തും പ്രായമുള്ള ആൺകുട്ടികളും 20കാരനും വയോധികനുമടക്കമുള്ളവരാണ് മരിച്ചത്.
ഡൽഹി സമയ്പൂർ ഏരിയയിലെ അണ്ടർപാസിലും വടക്ക്- കിഴക്ക് ഡൽഹിയിലെ അഴുക്കുചാലിലുമാണ് കുട്ടികൾ മുങ്ങിമരിച്ചത്. സമയ്പൂരിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ഇവിടെ രണ്ടര മുതൽ മൂന്ന് അടി വരെ വെള്ളമുണ്ടായിരുന്നു.
രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങിയെന്ന വിവരത്തെ തുടർന്ന് ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടികൾ വെള്ളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
വടക്ക്- കിഴക്ക് ഡൽഹിയിൽ അഴുക്കുചാലിൽ മുങ്ങി എട്ടും പത്തും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ന്യൂ ഉസ്മാൻപൂർ ഏരിയയിലാണ് അപകടം. ഡൽഹി ഓഖ്‍ലയിൽ അണ്ടർ പാസിലാണ് 60കാരൻ മുങ്ങിമരിച്ചത്. ജാതിപൂർ സ്വദേശി ദിഗ്‌വിജയ് കുമാർ ചൗധരിയാണ് മരിച്ചത്.