മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് ആകർഷിക്കാൻ തോന്നുംപോലെ വിളിച്ചാൽ കേസ് ഉറപ്പായതോടെ വഴിലിറങ്ങിയുള്ള വിളിച്ചുകയറ്റൽ ഒഴിവാക്കി കച്ചവടക്കാർ. കേസെടുക്കുന്ന കാര്യത്തിൽ ഇനി വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് ഈ മാറ്റം. തെരുവിലൂടെ നടന്നുപോകുന്നവരെ തടഞ്ഞുനിർത്തിയും ദ്വയാർഥപ്രയോഗത്തിലൂടെയുമെല്ലാം കടകളിലേക്ക് വിളിച്ചുകയറ്റാൻ ചിലർ ശ്രമിക്കുന്നുവെന്ന് നിരന്തരം പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞദിവസം ഒരു സ്ത്രീ ഇത്തരത്തിലുള്ള മോശം ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് നടപടി ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്. മുന്നോട്ടുപോകാൻ വിടാതെ, തടഞ്ഞുനിർത്തിക്കൊണ്ടാണ് വിളിച്ചുകയറ്റുന്നവർ നിൽക്കുന്നത്. ഇത് തെരുവിലേക്കും കടകളിലേക്കും എത്തുന്നവരെ അകറ്റുകയാണ് ചെയ്യുകയെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
കടകളിൽനിന്ന് വഴിയിലേക്കിറങ്ങി ആളുകളെ വിളിച്ചുകയറ്റേണ്ടെന്ന് നേരത്തേ വ്യാപാരികൾ തീരുമാനിച്ചിരുന്നെങ്കിലും ഒരു വിഭാഗം കച്ചവടക്കാർ ഇത് തുടരുകയായിരുന്നു. പിഴയും കേസും ഉൾപ്പടെയുളള നിയമ നടപടികൾക്കൊപ്പം പോലീസ് പരിശോധന കൂടി ശക്തമായതോടെയാണ് വഴിയിൽ ഇറങ്ങിയുള്ള വിളിച്ചുകയറ്റൽ ഒഴിവാക്കിയത്.