കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനായി ഈശ്വർ മാൽപെ സംഘത്തിന് ഔദ്യോഗിക അനുമതി ഇല്ല. സ്വന്തം റിസ്കിൽ ഡൈവിന് നിർദേശം നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഇടപെട്ട് മുന്നോട്ട് പോകാൻ നിർദേശം നൽകി. ഗംഗാവാലിയിലെ അടിയൊഴുക്ക് ശക്തമായതിനാലാണ് ഔദ്യോഗിക അനുമതി നൽകാത്തത്. അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ നേവിക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. നദിയിൽ നേവി സുരക്ഷയൊരുക്കും. മുള കുത്തി നിർത്തി അതിൽ ഊർന്ന് താഴേക്കിറങ്ങുക സ്കൂബാ ടീമിൻ്റെ രീതി. ഒഴുക്കുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ ചെയ്യാറുണ്ട്. ഇതിനായി മുളകൾ ഗംഗാവാലിയിൽ എത്തിച്ചിട്ടുണ്ട്. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്ന് തവണ ഡൈവ് നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നാലാം ഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ്.