ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. 9:30നാണ് ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ലണ്ടനിൽ അഭയം തേടുമെന്നാണ് സൂചന. C130 J എന്ന ബംഗ്ലാദേശിന്റെ വ്യോമസേന വിമാനത്തിലാണ് ഇന്ത്യ വിട്ടത്. എങ്ങോട്ടേക്കാണ് പുറപ്പെട്ടതെന്ന് സംബന്ധിച്ച വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല. ബംഗ്ലാദേശിലെ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പാർലെമന്റിൽ വിഷയം സംബന്ധിച്ച് സർവകക്ഷി യോഗം വിളിച്ചിരുന്നു. ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. ഷെയ്ഖ് ഹസീന സഹോദരി രഹാനക്കൊപ്പമാണ് ഇന്ത്യയിൽ അഭയം തേടിയിരുന്നത്.
പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിൽ 135 പേരാണ് കൊല്ലപ്പെട്ടത്. പ്രകടനക്കാരും അവാമി ലീഗ് അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്നുണ്ടായ പൊലീസ് വെടിവയ്പ്പിൽ 98 പേരോളം കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. സവർ, ധമ്രായ് മേഖലകളിൽ 18 പേരോളം കൊല്ലപ്പെട്ടു. വിവിധ പരിക്കുകളോടെ 500 പേരെ ആശുപത്രിയിൽ എത്തിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നുണ്ട്.