പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. വിധി പ്രസ്താവത്തിന് പിന്നാലെ വളരെ വികാരഭരിതരായാണ് ഷാരോണിന്റെ മഹാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തൊഴുത് നന്ദി പറയുകയായിരുന്നു ഷാരോൺ രാജിന്റെ മാതാപിതാക്കൾ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ എം ബഷീര്‍ ആണ് ശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പറഞ്ഞ കോടതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികളോട് 259 ചോദ്യങ്ങൾ ചോദിച്ച കോടതി 57 സാക്ഷികളെ വിസ്തരിച്ചു.
പാര സെമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയതും, വിവാഹം ഉറപ്പിച്ചതിന് ശേഷവും ഷാരോണുമായി ലൈംഗിക ബന്ധത്തിലേർപ്പട്ടിരുന്നു എന്നതും അന്വേഷണത്തിൽ തെളിഞ്ഞതായും വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു. ഇതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായും വധശിക്ഷ കാത്തുനില്‍ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയായും ഗ്രീഷ്മ മാറുകയാണ്. ഒരു തുള്ളി വെള്ളം ഇറക്കാൻ കഴിയാതെ 11 ദിവസം ആശുപത്രിയിൽ കിടന്ന ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ കാണിച്ചതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാരന് 3 വർഷം തടവ് കോടതി വിധിച്ചു. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.