ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിര്‍മല കുമാരന്‍ നായര്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. പ്രതികൾക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.
ആദ്യം ജ്യൂസ് ചലഞ്ച് നടത്തി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്. ഒക്ടോബർ 14നാണ് അവശനിലയിൽ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 2022 ഒക്ടോബർ 25ന് തിരുവന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ ഷാരോൺ രാജ് മരണത്തിന് കീഴങ്ങി.
ആദ്യം പാറശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 2022 ഒക്ടോബർ 30-ന് ഗ്രീഷ്മയേയും ബന്ധുക്കളേയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഗ്രീഷമയുടെ കുറ്റസമ്മതം. ഒക്ടോബർ 31-ന് അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണ അങ്ങോട്ടേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി. ഒരുവർഷത്തോളം ജയിലിൽ കിടന്ന ശേഷമാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.