ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പശ്ചിമ ബംഗാൾ നടിയുടെ പരാതിക്ക് പിന്നിൽ ഗൂഢ ലക്ഷ്യമെന്നാണ് രഞ്ജിത്തിന്റെ പ്രധാന വാദം. സിനിമയിൽ അവസരം നൽകാത്തതിന്റെ നീരസമാണ് പരാതിക്ക് കാരണം. നടിയുമായി സംസാരിച്ചപ്പോൾ അണിയറ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന ഉദ്ദേശവും പരാതിക്ക് പിന്നിൽ ഉണ്ടെന്ന് രഞ്ജിത്തിന്റെ ഹർജിയിൽ പറയുന്നു. ബംഗാളി നടിയാണ് രഞ്ജിത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
‘പാലേരിമാണിക്യം’ എന്ന സിനിമയുടെ ഓഡീഷനായി വിളിച്ച ശേഷം ലൈംഗിക ലക്ഷ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്നതാണ് പരാതി. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് കേസെടുക്കുകയും ചെയ്തു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. നടിയുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന സമയം മുഴുവൻ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരായിരുന്ന ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, പ്രൊഡ്യൂസർ സുബൈർ, ഓഫീസ് അസിസ്റ്റന്റ് ബിജു എന്നിവർ സന്നിഹിതരായിരുന്നെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ശങ്കർ രാമകൃഷ്ണനാണ് പ്രൊജക്ടിനെ കുറിച്ച് നടിയുമായി സംസാരിച്ചത്. എന്നാൽ, ശങ്കർ രാമകൃഷ്ണനെ കുറിച്ച് നടിയുടെ പരാതിയിൽ പരാമർശമില്ലാത്തത് സംശയാസ്പദമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.