നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ സഖ്യത്തിന് ക്ഷണിച്ച് എ.ഐ.എ.ഡി.എം.കെ. വിജയ്‌യെ തങ്ങളോടൊപ്പം സഖ്യത്തിന് ക്ഷണിക്കുന്നതായി മുൻ മന്ത്രിയും പാർട്ടി നേതാവുമായ സെല്ലൂർ കെ. രാജു പറഞ്ഞു.
‘വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്യുകയാണ്. സിനിമയിൽ നിന്നുണ്ടാക്കിയ സമ്പത്ത് കൊണ്ട് വിജയ് ഒരുപാട് പാവങ്ങളെ സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന് എ.ഐ.എ.ഡി.എം.കെ സഖ്യത്തോടൊപ്പം ചേരാം. വിജയ് തയാറാണെങ്കിൽ മറ്റ് കാര്യങ്ങൾ പാർട്ടി സെക്രട്ടറി എടപ്പാടി പളനിസ്വാമി തീരുമാനിക്കും’ -സെല്ലൂർ രാജു പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെക്ക് ഏറ്റ തിരിച്ചടിയിൽ പാർട്ടി പ്രവർത്തകർ പരിഭ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ വോട്ട് നേടാനായി വൻതോതിൽ പണം വിതരണം ചെയ്തു. കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവൻ എം.കെ. സ്റ്റാലിന്‍റെ ഭരണത്തെ കെ. കാമരാജിന്‍റെ ഭരണവുമായാണ് താരതമ്യപ്പെടുത്തിയത്. ഇത്തരം താരതമ്യങ്ങൾ ആളുകൾ അംഗീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പണം കൊടുത്ത് ജനങ്ങളെ സ്വാധീനിക്കുന്നത് കൊണ്ടാണ് എ.ഐ.എ.ഡി.എം.കെ വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.