ജമ്മു കശ്മീരിലെ രജൌരി ജില്ലയിലെ നൗഷേരയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. എകെ- 47, പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി സേന അറിയിച്ചു. നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്നലെ രാത്രി ഇന്ത്യൻ സൈന്യം തകർത്തത്. രഹസ്യാന്വേഷണ ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. ഇതേ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലും ഏറ്റുമുട്ടൽ നടന്നിരുന്നു. തെരച്ചിൽ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ ഒരു സംഘം ഭീകരർ സെപ്തംബർ 3 ന് വെടിയുതിർത്തിരുന്നു. ഭീകരർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ആഗസ്ത് അവസാന വാരത്തിൽ രജൗരിയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം ലക്ഷ്യമിട്ടപ്പോഴും ഏറ്റുമുട്ടൽ നടന്നു. ജൂലൈയിൽ ഇതേ ജില്ലയിലെ ഗുന്ദ മേഖലയിൽ സുരക്ഷാ പോസ്റ്റിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റിരുന്നു. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള നുഴഞ്ഞുകയറ്റ നീക്കങ്ങളെ അതീവ ജാഗ്രതയോടെ നേരിടുകയാണ് സൈന്യം. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തിയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഒക്ടോബർ 4നാണ് വോട്ടെണ്ണൽ നടക്കുക.