Latest Malayalam News - മലയാളം വാർത്തകൾ

വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്ററായ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പിടിയിൽ

School vice-principal, who is a pastor, arrested for raping a student

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്കൂള്‍ വൈസ് പ്രിൻസിപ്പല്‍ പിടിയില്‍. സൂററ്റിലാണ് സംഭവം. ബറൂച്ച് ജില്ലയിലെ സെന്റ് സേവ്യേഴ്സ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പാസ്റ്റർ കമലേഷിനെയാണ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബറൂച്ച്‌ ബി ഡിവിഷൻ പോലീസ് പ്രതിയായ പുരോഹിതനെതിരെ പോക്സോ സെക്ഷൻ 6, 10, 12, ഐപിസി സെക്ഷൻ 376, 376(2)(എൻ), 376(3) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോളേജില്‍ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പാസ്റ്ററെ അറസ്റ്റിലായിരിക്കുന്നത്.

സെന്റ് സേവ്യേഴ്സ് സ്കൂളില്‍ പഠിക്കുമ്ബോഴാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗിക പീഡനം നടന്നതെന്ന് ആരോപിക്കപ്പെടുന്നു. 2022 നും 2024 നും ഇടയില്‍ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളില്‍ തങ്ങളുടെ മകള്‍ പീഡനത്തിന് ഇരയായതായി ഇരയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതി തന്നെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ആരോപിച്ചു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. ഇക്കാരണത്താല്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നും മാനം നഷ്ടപ്പെടുമെന്നും ഭയന്ന് പെണ്‍കുട്ടി മൗനം പാലിക്കാൻ തുടങ്ങി.

പിന്നീട് രണ്ടാമത്തെ സംഭവം നടന്നത് 2024 ഡിസംബറിലാണ്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഒരു സ്കൂള്‍ പ്രോഗ്രാമിലേക്ക് ക്ഷണിച്ചപ്പോഴായിരുന്നു പീഡനം നടന്നത്. പരിപാടിക്ക് ശേഷമാണ് പ്രതി വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാസ്റ്റർ കമലേഷ് തന്നോട് വീണ്ടും ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ട് വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ അയച്ചതായും ഇര ആരോപിച്ചു. തുടർന്ന് പെണ്‍കുട്ടി കുടുംബത്തെ അറിയിക്കുകയും പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയുമായിരുന്നു. അതേസമയം സമാനമായ പീഡനത്തിന് മറ്റേതെങ്കിലും വിദ്യാർത്ഥി ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് കുറ്റാരോപിതനായ പാസ്റ്ററുടെ ഫോണ്‍ പരിശോധിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.