KERALA NEWS TODAY KOZHIKODE:കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ
മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പി വി സത്യനാഥൻ തന്നെ മനപൂര്‍വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് അഭിലാഷ് മൊഴി നൽകിയിരിക്കുന്നത്.
പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയതിന് പുറമെ മറ്റു പാർട്ടിക്കാരിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ സംരക്ഷിച്ചില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് വൈരാഗ്യത്തിന്
കാരണമായെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്.റിമാന്‍ഡ് റിപ്പോർട്ടിലാണ് അഭിലാഷിന്റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, അഭിലാഷ് കൊല നടത്താൻ ഉപയോഗിച്ച
ആയുധം വാങ്ങിയത് ഗൾഫിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഇതിനിടെ, പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഇന്നലെ രാത്രി മജിസ്ട്രേറ്റിന്
മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ
സംഘത്തിന്റെ ആവശ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി
പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലുൾപ്പെടെ കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
പെരുവട്ടൂരിലെ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് പി വി സത്യനാഥനെ വെട്ടിക്കൊന്നത്. കേസ് അന്വേഷണത്തിന് വടകര ഡിവൈഎസ്പി സജേഷ് വാഴയിൽ മേൽനോട്ടം നൽകും.
കൊയിലാണ്ടി സി ഐ മെൽവിൻ ജോസഫിനാണ് അന്വേഷണച്ചുമതല. കൊയിലാണ്ടി സ്റ്റേഷനിൽനിന്ന് പ്രതിയെ സുരക്ഷാകാരണങ്ങളാൽ എടച്ചേരി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
കൊയിലാണ്ടിയിൽനിന്ന് വെള്ളിയാഴ്ച വൈകിട്ടോടെ എടച്ചേരിയിലെത്തിയ സി ഐ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.