ഇന്ത്യന്‍ ടെന്നീസ് ചരിത്രത്തില്‍ ഏറ്റവും വലിയ നേട്ടങ്ങള്‍ കൊയ്ത ഇതിഹാസ താരമാണ് സാനിയ മിര്‍സ. 2023ലെ ഏകദിന ലോകകപ്പില്‍ ഉള്‍പ്പെടെ മികച്ച പ്രകടനങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റിലെ എണ്ണം പറഞ്ഞ പേസര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ഷമി. ഇരുവരും തമ്മില്‍ വിവാഹിതരാകുകയാണെന്ന തരത്തില്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്.
അടുത്തിടെയാണ് സാനിയ പാകിസ്താന്‍ ക്രിക്കറ്റര്‍ ശുഐബ് മാലികുമായി വേര്‍പിരിഞ്ഞത്. ഷമിയാണെങ്കില്‍ ഭാര്യ ഹസീന്‍ ജഹാനുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇരുവരും തമ്മില്‍ നിയമപോരാട്ടവും നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് സാനിയയും ഷമിയും ഒരുമിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. ഇരുവരും വിവാഹ വസ്ത്രത്തില്‍ ഒപ്പംനില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, വാര്‍ത്തകളോട് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ തന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇമ്രാന്‍. വാര്‍ത്തകളെല്ലാം അസംബന്ധമാണെന്ന് അദ്ദേഹം എന്‍.ഡി.ടി.വിയോട് വ്യക്തമാക്കി. രണ്ടുപേരും ഇതുവരെയും നേരില്‍ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാന്‍ മിര്‍സ ചൂണ്ടിക്കാട്ടി.