ENTERTAINMENT NEWS THIRUVANATHAPURAM :പുരുഷ പ്രേതത്തിന് ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഇത്തിരി നേരം’. പ്രശാന്ത് വിജയ് ആണ് സംവിധാനം. റോഷൻ മാത്യു, സറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മധൻ എന്നിവരാണ് ‘ഇത്തിരി നേര’ത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആന്റണി വർഗീസ് പെപ്പെ, നിമിഷ സജയൻ എന്നീ താരങ്ങൾ ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടത്.
ഏറെ പ്രേക്ഷക പ്രശംസ നേടിയ പുരുഷ പ്രേതത്തിന് ശേഷം മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം, ഇതേ നിർമ്മാണ കൂട്ടുകെട്ടിൽ എത്തിയ ‘കാതല്‍ എന്‍പത് പൊതുവുടമൈ’ എന്ന തമിഴ് ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം നേടിയിരുന്നു.