Latest Malayalam News - മലയാളം വാർത്തകൾ

വിരമിച്ച IAS ഉദ്യോഗസ്ഥർക്ക് പെൻഷനുപുറമേ പ്രത്യേക അലവൻസും നൽകണം

KERALA NEWS TODAY-തിരുവനന്തപുരം : വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന് പുറമേ സ്‌പെഷല്‍ അലവന്‍സും അനുവദിക്കണമെന്ന ആവശ്യവുമായി ഐ.എ.എസ്. അസോസിയേഷന്‍.
2022 സെപ്റ്റംബര്‍ 27-നാണ് ഇത് സംബന്ധിച്ച കത്ത് കേരള ഐ.എ.എസ്. അസോസിയേഷന്‍ സെക്രട്ടറി എം.ജി. രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ചത്.

സംസ്ഥാനത്തെ ഓള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് വിരമിച്ച ശേഷം പെന്‍ഷന്‍ അല്ലാതെ മറ്റ് അധിക അലവന്‍സുകള്‍ ഒന്നും ലഭിക്കുന്നില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, വിരമിച്ച ശേഷം ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇത് യഥാക്രമം 25,000, 20,000 എന്നിങ്ങനെയാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

അതിനാല്‍ വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കത്തില്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
കത്ത് ലഭിച്ച് ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല.

അതിനിടെ, തങ്ങളുടെ ആനുകൂല്യങ്ങള്‍ 50,000, 45,000 എന്നിങ്ങനെയാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ചീഫ് ജസ്റ്റിസും ജഡ്ജിമാരും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തങ്ങൾ ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഐ.എ.എസ്. അസോസിയേഷന്‍.

Leave A Reply

Your email address will not be published.