Latest Malayalam News - മലയാളം വാർത്തകൾ

റേഷൻകാർഡ് മസ്റ്ററിങ് തീയതി വീണ്ടും നീട്ടി

Ration card mustering date extended again

മുന്‍ഗണന വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി വീണ്ടും നീട്ടി. നവംബര്‍ അഞ്ച് വരെയാണ് ഇപ്പോൾ സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇനി 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളത്.

മുൻഗണന റേഷൻകാർഡിൽ അംഗങ്ങൾക്ക് മസ്റ്ററിങ്ങിന് അനുവദിച്ചിരുന്ന സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയത്. അതേസമയം ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനിൽ പറഞ്ഞു. നിലവില്‍ 83.67 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിങിനുള്ള അവസരം ഉണ്ടാകും. മസ്റ്ററിങ് 100 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാൽ, 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമാണ് ഈ സമയപരിധിക്കുള്ളിൽ പൂര്‍ത്തിയായത്. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 25വരെ മസ്റ്ററിംഗ് നീട്ടിയത്. ഇതിനുശേഷവും 16ശതമാനത്തോളം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സമയം നീട്ടിയത്.

Leave A Reply

Your email address will not be published.