കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗ കൊലപാതകത്തിന് ഇരയായതിന് പിന്നാലെ പ്രതിഷേധിച്ച ഡോക്ടർമാർ സമരം അവസാനിപ്പിച്ചു. സെപ്റ്റംബർ 21 മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. കൊല്ലപ്പെട്ട യുവ ഡോക്ടറിന് നീതി തേടി സമരം ചെയ്യുന്ന ഡോക്ടർമാരാണ് സമരം അവസാനിപ്പിച്ചത്. സർക്കാർ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതുകൊണ്ടല്ല സമരം അവസാനിപ്പിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള പ്രളയത്തെ തുടർന്നുള്ള അടിയന്തര സാഹചര്യം മുൻനിർത്തി സമൂഹത്തിന് തങ്ങളുടെ സേവനം ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.
ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്നും ഡോക്ടേഴ്‌സിന് സുരക്ഷ ഉറുപ്പുവരുത്തുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ രേഖാമൂലം ഉറപ്പ് നൽകണമെന്നും ഉള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ല. വാക്കാൽ മാത്രമാണ് ഉറപ്പ് നൽകിയിരിക്കുന്നത്. താത്കാലികമായി ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ തീരുമാനിച്ചു. സർക്കാരിന്റെ തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കും. ആവശ്യമെങ്കിൽ വീണ്ടും സമരത്തിലേക്ക് തിരികെയെത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞമാസം 9നാണ് യുവഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.