ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും. അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ സത്യവാഗ്മൂലം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്. അതേസമയം, സിദ്ദിഖിന് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുക്കും. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സിദ്ധിഖിന്റ വാദം അംഗീകരിച്ചാണ് കഴിഞ്ഞ തവണ കോടതി രണ്ടാഴ്ച സമയം അനുവദിച്ചത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.