KERALA NEWS TODAY ALAPPUAZHA:ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ വിധി 30ന്. 15 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ ശേഷം അഡീഷനൽ ജില്ലാ
സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി 14 പ്രതികളെ നേരിട്ട് കേട്ടിരുന്നു. ഇതിനു ശേഷമാണ് വിധി പറയൽ 30ലേക്ക് മാറ്റിയത്. പ്രതികളിലൊരാളായ മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി
നവാസ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഇയാൾക്ക് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ല.പ്രതികളുടെ മാനസികാരോഗ്യം,
സാമൂഹികാവസ്ഥ തുടങ്ങിയ വിവരങ്ങൾ സംസ്ഥാന സർക്കാരും ജില്ലാ പ്രൊബേഷൻ ഓഫീസറും, സൈക്യാട്രി വിഭാഗവും കോടതിയെ ധരിപ്പിച്ചു. ജയിലിലെ പെരുമാറ്റം സംബന്ധിച്ച് മാവേലിക്കര സ്പെഷൽ സബ് ജയിൽ
സൂപ്രണ്ട് ഇതിനകം കോടതിക്ക് റിപ്പോർട്ടായി നൽകിയിട്ടുണ്ട്.ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ
വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി എന്നതാണ് കേസ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളെ കുറ്റക്കാരെന്ന്
കോടതി കണ്ടെത്തുകയായിരുന്നു.വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം പ്രതികാരക്കൊല നടക്കുമെന്ന് പോപ്പുലർ ഫ്രണ്ടുകാർ മുന്നിൽക്കണ്ടിരുന്നു.
ഇങ്ങനെ കൊലപാതകം നടന്നാൽ പകരം ഒരാളെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് തീരുമാനിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ടുകാര്‍ മുൻകൂട്ടിക്കണ്ടപോലെ
2021 ഡിസംബർ 18ന് മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ടു. മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്
വെട്ടേൽക്കുകയും മരിക്കുകയുമായിരുന്നു. വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ കാറിലെത്തിയവർ ഷാനിനെ ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടി. ഇതിനു പിന്നാലെ നടന്ന ഗൂഢാലോചനയിൽ മുൻതീരുമാനം
നടപ്പാക്കാൻ പോപ്പുലര്‍ ഫ്രണ്ട് തയ്യാറെടുക്കുകയായിരുന്നു.