Latest Malayalam News - മലയാളം വാർത്തകൾ

രാമക്ഷേത്രം : ശ്രീകോവിലിലേക്ക് വിഗ്രഹം വഹിക്കുക പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്’

NATIONAL NEWS-അയോധ്യ : രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തില്‍ താല്‍ക്കാലിക ക്ഷേത്രത്തില്‍നിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കാല്‍നടയായി ശ്രീരാമ വിഗ്രഹം വഹിച്ചുകൊണ്ടുപോകുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കുമെന്നു സൂചന.
സുരക്ഷാ പ്രോട്ടോക്കോളുകള്‍ മറികടന്ന് പ്രധാനമന്ത്രി 500 മീറ്റര്‍ വിഗ്രഹം കൈയിലേന്തി നടക്കുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 22-നാണ് അയോധ്യയില്‍ പ്രതിഷ്ഠാദിനം.

താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീരാമ വിഗ്രഹം അവിടെനിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് എത്തിക്കാനുള്ള നിര്‍ണായക നിയോഗം പ്രധാനമന്ത്രിക്കു നല്‍കാനാണ് ക്ഷേത്ര ട്രസ്റ്റ് ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ അനുഗമിക്കും.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
വിഗ്രഹത്തിന്റെ മിഴി തുറക്കുന്ന ചടങ്ങിനു മുന്‍പു നടക്കുന്ന പ്രാണ പ്രതിഷ്ഠയില്‍ പ്രധാനമന്ത്രിയാവും ചുമതല വഹിക്കുകയെന്നും സൂചനയുണ്ട്. തുടര്‍ന്നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖ പുരോഹിതന്മാര്‍ പങ്കെടുക്കും. മൂന്നു വിഗ്രഹങ്ങളാണ് ട്രസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഇതില്‍ ഏതാണു പ്രതിഷ്ഠിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല.
രാജസ്ഥാനില്‍നിന്നുള്ള മാര്‍ബിളിലും കര്‍ണാടകയില്‍നിന്നുള്ള ഗ്രാനൈറ്റിലുമാണ് വിഗ്രഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

രാജ്യമെമ്പാടുമുള്ള എണ്ണായിരത്തോളം പേരെയാണ് ട്രസ്റ്റ് പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണിക്കുക. ഇതില്‍ മൂവായിരം ക്ഷണിതാക്കള്‍ സന്യാസിമാരും പുരോഹിതരുമായിരിക്കും. പ്രമുഖ വ്യവസായികള്‍, ബിസിനസുകാര്‍, പ്രഫഷനലുകള്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ക്കും ചടങ്ങിലേക്കു ക്ഷണമുണ്ടാകും. മറ്റു രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.