KERALA NEWS TODAY-കൊച്ചി : മയക്കുമരുന്ന് വില്പനയും ഉപയോഗവും ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് നടക്കുന്നത് തടയാന്‍ സിറ്റി പോലീസിന്റെ റെയ്ഡ്.
നഗരത്തിലെ 52 ഇടങ്ങളിലായിരുന്നു റെയ്ഡ്. ഉച്ചയോടെയായിരുന്നു വ്യാപക പരിശോധന.
നാലു പേര് പിടിയിലായി. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പടമുകളിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ കളമശ്ശേരി പള്ളിലാങ്കര സ്വദേശി പി.ആര്. രാഹുല്‍, കൊല്ലം കുണ്ടറ ഫൗസി മന്‍സിലില്‍ ഫൗസി ഷറഫുദ്ദീന് എന്നിവരില്‍ നിന്നും 200 ഗ്രാം കഞ്ചാവും എയര്‍പിസ്റ്റളും പിടിച്ചെടുത്തു. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്സ് റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നു 13.5 ഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ അനുരുദ്ധ് ബാലാജി എന്നയാളെ പിടികൂടി. ഇന്‍ഫോപാര്‍ക്കിലെ മറ്റൊരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇ-സിഗരറ്റുമായി അതിരമ്പുഴ സ്വദേശി സൗരവിനേയും അറസ്റ്റ് ചെയ്തു.
വൈറ്റില ഹബ്ബ് പരിസരത്തു നിന്ന് ഇരുമ്പനം ഒഴിക്കാനാട്ടുപറമ്പ് വീട്ടില്‍ സുജിത്തിനെ 12.59 ഗ്രാം എം.ഡി.എം.എ.യും നാലു ഗ്രാം കഞ്ചാവുമായി പിടികൂടി.