രാഹുല്‍ ഗാന്ധി ഏത് മണ്ഡലത്തില്‍ തുടരും എന്നതുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. അഞ്ച് മണിക്ക് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം വിളിച്ചു. ലോക്സഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ സുപ്രധാന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.
രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. റായ്ബറേലിയില്‍ നിന്നും വയനാട്ടില്‍ നിന്നും വിജയിച്ച രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് വയനാട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രതികരിച്ചിരുന്നു. എന്നിരുന്നാലും രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക മത്സരിക്കാനാണ് സാധ്യത. ഈ ആവശ്യം കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വെച്ചിരുന്നു.
പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. പ്രിയങ്കയ്ക്കായി ബാനറുകളുമായാണ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുലിന്റെ പരിപാടിക്ക് എത്തിയത്.